Friday, October 10, 2025

എ രാമചന്ദ്രൻ മ്യൂസിയം നാടിനു സമർപ്പിച്ചു. എ രാമചന്ദ്രൻ മതേതരമൂല്യങ്ങൾക്കായി നിലകൊണ്ടു: മുഖ്യമന്ത്രി

കൊല്ലം : എ. രാമചന്ദ്രൻ മതേതര മൂല്യങ്ങൾക്കായി നിലകൊണ്ട കലാകാരനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ ഒരുക്കിയ എ രാമചന്ദ്രൻ മ്യൂസിയം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കലയെ സാമൂഹിക വളർച്ചയ്ക്കായി ഉപയോഗിച്ച കലാസൃഷ്ടികൾ വിപണി മൂല്യത്തെക്കാളും വിലമതിക്കുന്നതാണ്. ഇന്ത്യൻ ചിത്രകലയുടെ പാരമ്പര്യത്തെ സമകാലികവുമായും വരുംകാലമായും ബന്ധിപ്പിക്കുന്ന കണ്ണിയാണ് സൃഷ്ടികൾ. ആധുനിക കലാസങ്കേതങ്ങളെ ചിത്രകലയുമായി സംയോജിപ്പിച്ച് വേറിട്ട ശൈലി രൂപപ്പെടുത്തി. ഒട്ടേറെ കലാസ്വാദകർക്കും കലാപഠിതാക്കൾക്കും ഗവേഷണം നടത്താനും കൂടുതൽ മനസിലാക്കാൻ ഉതകുംവിധമുള്ള ഇടമായി ഇവിടം മാറും. ലോട്ടസ് പോണ്ട്, ഗാന്ധി പരമ്പര, ഇന്ത്യൻ മിനിയേച്ചർ, സ്റ്റാമ്പ്‌ ഡിസൈനുകൾ, ഫോട്ടോഗ്രാഫുകൾ, സ്റ്റുഡിയോയിൽ ഉപയോഗിച്ച അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ അന്തർ ദേശീയ നിലവാരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കലാരംഗത്തെ കരുതലോടെ കാണുന്ന സംസ്ഥാന സർക്കാരിന്റെ ഇടപെടലുകൾ ചിത്രകലാ പാരമ്പര്യത്തെ പൊതുസമൂഹവുമായി കണ്ണി ചേർക്കാൻ സഹായിക്കും- മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ സാംസ്കാരിക മേഖലയിൽ മാറ്റങ്ങൾ വരുത്താനുള്ള പരിശ്രമത്തിലാണ് സർക്കാരെന്ന് അധ്യക്ഷനായ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മ്യൂസിയം വിദ്യാർഥികൾക്കും കലാ പ്രവർത്തകർക്കുമുള്ള പഠനകേന്ദ്രമായി മാറും. 14 ജില്ലകളിലും സാംസ്കാരിക സമുച്ചയങ്ങളും പഠനകേന്ദ്രങ്ങളും സ്ഥാപിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ സാംസ്കാരിക കേന്ദ്രമായ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ദേശീയ പ്രാധാന്യമുള്ള മ്യൂസിയം രൂപം കൊണ്ടത് അഭിമാനാർഹമാണെന്നും 60 കോടി രൂപ ചെലവിൽ നിർമിക്കുന്ന ടൂറിസം സർക്യൂട്ടും ഓഷ്യനേറിയവും മാരിടൈം മ്യൂസിയവും ജില്ലയുടെ ആകർഷണീയത വർധിപ്പിക്കുമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

നഗരത്തിൻ്റെ സംസ്കാരിക ഭൂപടത്തെ ആഗോളതലത്തിൽ പുനർ നിർവചിക്കുന്ന സാംസ്കാരിക സ്ഥാപനമാണിതെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

എ രാമചന്ദ്രന്റെ ഭാര്യയും ചിത്രകാരിയുമായ ചമേലി രാമചന്ദ്രനെയും മക്കളായ രാഹുൽ രാമചന്ദ്രൻ, സുജാത രാമചന്ദ്രൻ എന്നിവരെയും മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി എം എ ബേബി ആദരിച്ചു.
മെർക്കൻ്റയിസിങ് ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു.

എം.എൽ.എമാരായ എം മുകേഷ് കാറ്റലോഗ് പ്രകാശനവും എം നൗഷാദ് മ്യൂസിയം വെബ്സൈറ്റിന്റെ ഉദ്ഘാടനവും നിർവഹിച്ചു. കുട്ടികൾക്കായി രാമചന്ദ്രൻ -ചമേലി ദമ്പതികൾ രചിച്ച് കേരള ലളിതകലാ അക്കാദമിക്കുവേണ്ടി പി സുധാകരൻ മലയാള പരിഭാഷ നിർവഹിച്ച അഞ്ച് പുസ്തകങ്ങളും പ്രകാശനം ചെയ്തു.

മേയർ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. പി കെ ഗോപൻ, ജില്ലാ കലക്ടർ എൻ ദേവിദാസ്, സാംസ്കാരിക വകുപ്പ് സെക്രട്ടറിയും അഡീഷനൽ ചീഫ് സെക്രട്ടറിയുമായ ഡോ. രാജൻ എൻ. ഖോബ്രഗഡേ, ഡയറക്ടർ ദിവ്യ എസ്. അയ്യർ, കേരള ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത്, കേരള മ്യൂസിയം ഡയറക്ടർ ചന്ദ്രൻ പിള്ള, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, കേരള ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts