Tuesday, August 26, 2025

കുണ്ടറക്കാരുടെ ചിരകാല സ്വപനം റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നു;

കുണ്ടറ 27.8.2024: പളളിമുക്ക് റയിൽവേ മേൽപ്പാലത്തിൻറെ നിർമ്മാണ പ്രവൃത്തികൾ ത്വരിതപ്പെടുത്തുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി, പി.സി. വിഷ്ണുനാഥ് എം.എൽ.എ എന്നിവർ അറിയിച്ചു.

ഉന്നത ഉദ്യോഗസ്ഥ സംഘത്തോടൊപ്പം സ്ഥലം സന്ദർശിച്ച ശേഷമാണ് വിവരം അറിയിച്ചത്. പ്രധാനമന്ത്രി നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച മേൽപ്പാലത്തിൻറെ ജി.എ.ഡി റയിൽവേയുടെ പുതിയ നയത്തിൻറെ അടിസ്ഥാനത്തിൽ പുതുക്കി സമയർപ്പിക്കേണ്ടത് സംസ്ഥാന ഏജൻസിയായ ആർ.ബി.ഡി.സി.കെ യാണ്. റയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കുന്നതിനായി റയിൽവേ സ്വീകരിച്ചിട്ടുളള പുതിയ നയത്തിൻറെ അടിസ്ഥാനത്തിൽ ആർബിഡിസികെ ജി.എ.ഡി പുതുക്കി നൽകും. മുൻഗണന നൽകി പാലം നിർമ്മാണം ത്വരിത പ്പെടുത്തുമെന്ന് റയിൽവേ അധികൃതർ ഉറപ്പ് നൽകി.

ദേശീയപാത 744 ഉം ദേശീയപാത 183 ഉം ഉൾപ്പെട്ടു വരുന്ന ഇളമ്പളളൂർ മേൽപ്പാല നിർമ്മാണം റയിൽവേ പിങ്ക് ബുക്കിൽ എം.പി യുടെ ഇടപെടലിനെ തുടർന്ന് 2023-24 ൽ വീണ്ടും ഉൾപ്പെടുത്തി. ദേശീയപാത അതോറിറ്റിയുടെയും ദേശീയപാത മന്ത്രാലയത്തിൻറെയും നാറ്റ്പാകിൻറെയും റയിൽവേയുടെയും ആർബിഡിസികെ യുടെയും ഉദ്യോഗസ്ഥർ ചർച്ച ചെയ്ത് റയിൽവേയ്ക്കും ദേശീയപാതകൾക്കും ഗതാഗതം സുഗമമാക്കുന്ന വിധം മേൽപ്പാലം നിർമ്മിക്കുന്നതിനുളള സാങ്കേതിക സാധ്യതകൾ മുൻനിർത്തി സമഗ്രമായ രൂപകൽപ്പന തയ്യാറാക്കാൻ ധാരണയായി. പ്രാഥമിക പഠനം നടത്തുന്നതിന് നാറ്റ്പാകിനെ എൻ.എച്ച്.എ.ഐ ചുമതലപ്പെടുത്തും.

സമയബന്ധിതമായി നാറ്റ്പാക് പഠനറിപ്പോർട്ട് നൽകുന്നതിനും അതിൻറെ അടിസ്ഥാനത്തിൽ ഏജൻസികൾ സംയുക്തമായി ചർച്ച ചെയ്ത് രൂപകൽപ്പന അന്തിമരൂപം നൽകണം. സംസ്ഥാന സർക്കാരിൻറെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് മേൽപ്പാല നിർമ്മാണത്തിൻറെ മുഴുവൻ ചിലവും കേന്ദ്ര സർക്കാർ വഹിക്കുന്നതിനുളള സാദ്ധ്യതകൾ ഓരോ ഏജൻസിയും പ്രതേക്യം പരിശോധിക്കും.

ബ്ലാക്ക് സ്പോട്ടയായ ഇളമ്പളളൂരിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനുളള പ്രത്യേക പദ്ധതി ഉൾപ്പെടുത്തി ദേശീയപാത അതോറിറ്റിയുടെ ചിലവിൽ മേൽപ്പാല നിർമ്മാണം സാധ്യമാക്കുവാനുളള നടപടിയും സ്വീകരിക്കും.

മുക്കട മേൽപ്പാലം നിർമ്മിക്കുന്നതിനുളള പരിശോധനയും ഉന്നതതല സംഘം നടത്തി. ദേശീയപാതയോട് ചേർന്ന് കിടക്കുന്ന റയിൽവേ ഗേറ്റു മൂലം ദേശീയപാതയിൽ ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുവാൻ കഴിയുന്ന വിധം മുക്കട മേൽപ്പാലത്തിൻറെ രൂപകൽപ്പന തയ്യാറാക്കുവാൻ നിർദ്ദേശം നൽകി. ബ്ലോക്ക് സ്പോട്ട് ഒഴിവാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി പാലത്തിൻറെ നിർമ്മാണം ദേശീയപാത അതോറിറ്റി ഏറ്റെടുക്കണമെന്നുളള നിർദ്ദേശവും സമർപ്പിച്ചു.

കേരളപുരം, ചന്ദനതോപ്പ് എന്നീ റയിൽവേ ഗേറ്റുകൾ ഒഴിവാക്കി മേൽപ്പാലം നിർമ്മിക്കുന്നതിനും റയിൽവേയുടെ അനുമതി ഉണ്ട്.

മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളും സംയുക്തമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ പളളിമുക്ക്, മുക്കട, ഇളമ്പളളൂർ മേൽപ്പാലങ്ങൾ എത്രയും പെട്ടെന്ന് സാധ്യമാക്കുവാൻ വേണ്ട നടപടികൾ ഓരോ ഏജൻസികളും പ്രത്യേകം പ്രത്യേകം സ്വീകരിക്കുവാനും പരസ്പരം ചർച്ച ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുവാനും എംപി ആവശ്യപ്പെട്ടു.

എൻ.കെ. പ്രേമചന്ദ്രൻ എം.പി, പി.സി. വിഷ്ണുനാഥ് എം.എൽ.എ, ദേശീയപാത മന്ത്രാലയം റീജിയണൽ ആഫീസർ ശ്രീധര, മധുര റയിൽവേ സീനിയർ ഡിവിഷണൽ എഞ്ചിനീയർ എം. പ്രവീണ, നാറ്റ്പാക് പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ: ഷഹിം, എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ വിപിൻ മധു, ആർബിഡിസികെ പ്രോജക്ട് എഞ്ചിനീയർ മുഹമ്മദ് അൽത്താഫ്, റയിൽവേ കൺസ്ട്രക്ഷൻ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഷൺമുഖം, ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോൺ കെന്നത്ത്, റയിൽവേ സെക്ഷൻ സീനിയർ എഞ്ചിനയർമാരായ വിജയകുമാർ, നിതിൻ, പ്രസന്നകുമാർ, എൻ.എച്ച്.എ.ഐ ഡപ്യുട്ടി മാനേജർ നന്നാഭരത്, സയൻറിസ്റ്റുമാരായ അരുൺ ചന്ദ്രൻ, അഭിഷേക് കെ. അസാദ് തുടങ്ങി ഉന്നത ഉദ്യോഗസ്ഥ സംഘമാണ് റയിൽവേ മേൽപ്പാലങ്ങൾ സന്ദർശിച്ചത്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts