Tuesday, August 26, 2025

ക്രെഡിറ്റ് കാർഡിന് അപേക്ഷ നൽകിയപ്പോൾ മലയാളിയുടെ എമിറേറ്റ്സ് ഐഡി നമ്പറിൽ ലക്ഷങ്ങളുടെ ബാധ്യത.

ദുബായ്: ക്രെഡിറ്റ് കാർഡും ലോണുമെല്ലാം മിക്ക പ്രവാസികളുടെയും ജീവിതത്തിലെ ഒഴിവാക്കാൻ കഴിയാത്ത അത്യാവശ്യ ഘടകങ്ങളാണ്. യുഎഇയിൽ എല്ലാ ബാങ്കുകളും ലോണുകൾ നൽകുന്നുണ്ട്. വിവിധ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി ക്രെഡിറ്റ് കാർഡുകളും. മിക്ക ബാങ്കുകളും ഇത്തരത്തിലുളള ജോലികൾക്കായി ഉദ്യോഗാർഥികളെ പുറത്തു നിന്നും എടുക്കാറുമുണ്ട്. അതായത് ബാങ്കിൻറെ പേരിൽ നിങ്ങളെ സമീപിക്കുന്ന വ്യക്തി ബാങ്കിൻറെ ജീവനക്കാരനായിരിക്കില്ലെന്ന് ചുരുക്കം. തട്ടിപ്പുകൾ നടത്താൻ സാധ്യത ഏറെയുളള മേഖല ആയതിനാൽ തന്നെ ലോണുകളെടുക്കാനും ക്രെഡിറ്റ് കാർഡിനായും നല‍്കുന്ന എമിറേറ്റ്സ് ഐഡി ഉൾപ്പടെയുളള രേഖകൾ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പിക്കുകയെന്നുളളതാണ് പ്രധാന കാര്യം.

25 വ‍ർഷമായി യുഎഇ യിൽ ജോലി ചെയ്യുന്ന ആലുവ സ്വദേശി ദിനിൽകുമാർ മഠത്തിൽ സുഹൃത്തിൻറെ നിർബന്ധപ്രകാരമാണ് ക്രെഡിറ്റ് കാർഡെടുക്കാൻ തീരുമാനിച്ചത്. സുഹൃത്തിൻറെ ബന്ധുവായ ആശയാണ് ഇക്കാര്യത്തിനായി അദ്ദേഹത്തെ സമീപിച്ചത്. എന്നാൽ രേഖകൾ സമർപ്പിച്ചുവെങ്കിലും ക്രെഡിറ്റ് കാർഡിന് അനുമതി ലഭിച്ചില്ല. എന്തുകൊണ്ടാണ് അനുമതി ലഭിക്കാത്തതെന്ന് അന്വേഷിച്ചപ്പോഴാണ് തൻറെ എമിറേറ്റ്സ് ഐഡി നമ്പറിൽ വലിയ തുകയ്ക്കുളള ലോണെടുത്തിട്ടുണ്ട് എന്നുളള രേഖകൾ ഉണ്ടെന്ന് മനസിലാക്കുന്നത്. ലോണെടുത്തിട്ടുണ്ടെന്ന് മാത്രമല്ല, ഒറ്റ തവണ പോലും തിരിച്ചടച്ചിട്ടുമില്ല. ഒരുലക്ഷത്തി മുപ്പത്തയ്യായിരം ദിർഹത്തിൻറെ ലോൺ തിരിച്ചടയ്ക്കാതെ മൂന്ന് ലക്ഷം ദിർഹത്തിലധികം ബാധ്യതയുണ്ടെന്നാണ് രേഖകളിൽ നിന്ന് മനസ്സിലാക്കിയത്. ക്രെഡിറ്റ് കാർഡിന് അപേക്ഷ നൽകിയ ബാങ്കിൻറെ മറ്റൊരു ബ്രാഞ്ചിൽ നിന്നാണ് ലോണെടുത്തതെന്നും മനസ്സിലാക്കി.

എന്നാൽ ഇത്തരത്തിൽ ഒരു ലോൺ ദിനിൽകുമാർ എടുത്തിട്ടുണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് മനസിലായില്ലെങ്കിലും ബാധ്യത കാണിക്കുന്ന ബ്രാഞ്ചിൽ ചെന്ന് അന്വേഷിക്കാൻ തീരുമാനിച്ചു. അപ്രകാരം അവിടെ ചെന്നപ്പോഴാണ് എമിറേറ്റ്സ് ഐഡി നമ്പറിലാണ് ബാധ്യതയെന്ന് തിരിച്ചറിയുന്നത്. നമ്പർ മാത്രമെ ദിനിലിൻറേതായുളളൂ. പേരും ഫോട്ടോയും ബയോമെട്രിക് ചിഹ്നവും മറ്റൊരാളുടേതാണ്.

ബാങ്കിലെ അധികൃതരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. തിരിച്ചറിയലും ബയോമെട്രിക് പരിശോധനയും നടത്തിയപ്പോൾ പിഴവ് മനസിലാക്കിയ ബാങ്ക് അധികൃതർ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ് നൽകി. ലോൺ എടുത്ത വ്യക്തിയും ബാങ്കിലെ ജീവനക്കാരിലാരെങ്കിലും തമ്മിൽ നടത്തിയ നിയമവിരുദ്ധ ഇടപാടുകളാണോ അതോ എമിറേറ്റ്സ് ഐഡി നമ്പർ രേഖപ്പെടുത്തിയതിലെ പിഴവാണോ ഇത്തരത്തിൽ സംഭവിക്കാൻ ഇടയാക്കിയതെന്നതിൽ ദിനിലിന് വ്യക്തതയില്ല.

ഒരു പരാതിയോ പ്രശ്നമോ ഉണ്ടാകുന്നതുവരെ ഇത്തരത്തിലുളള കാര്യങ്ങൾ മറ്റാരുമറിയില്ലെന്നുളളതാണ് യഥാർത്ഥ്യം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ നിയമനടപടികളിലേക്ക് കടക്കാനും ദിനിലിന് താൽപര്യമില്ല. ദിനിൽ അല്ല ലോണെടുത്തതെന്ന് ബോധ്യപ്പെട്ടതോടെ എമിറേറ്റ്സ് ഐഡി നമ്പറിലുളള സാമ്പത്തിക ബാധ്യത ബാങ്ക് ഒഴിവാക്കി. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. എങ്കിലും ഈ ദിവസങ്ങളിൽ അനുഭവിച്ച മാനസിക സംഘർഷം ചെറുതായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ക്രെഡിറ്റ് കാർഡ് എടുക്കാൻ സുഹൃത്തും ആശയും നിർബന്ധിച്ചതുകൊണ്ടാണ് ഇക്കാര്യം മനസിലാക്കാനായത്. അതുകൊണ്ടുതന്നെ അവർക്ക് മനസുകൊണ്ട് നന്ദി പറയുകയാണ് ദിനിൽ.

വിവിധ കാര്യങ്ങൾക്കായി നാം നൽകുന്ന രേഖകൾ നാമറിയാതെ മറ്റുപല രീതിയിലും ഉപയോഗിക്കാനായി വിവിധ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നുളളത് യാഥാർഥ്യമാണെന്ന് ദുബായിലെ അഭിഭാഷകനായ നജുമുദീൻ പറയുന്നു. സൗജന്യമായി സിം, ക്രെഡിറ്റ് കാർഡ്,ലോൺ തുടങ്ങിയവ നൽകാമെന്നുളള വാഗ്ദാനങ്ങളിലാകും ഇത്തരം സംഘങ്ങൾ സമീപിക്കുക. മാത്രമല്ല, ക്രെഡിറ്റ് കാർഡോ ലോണോ ലഭിക്കുന്നതിനായി ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നതിനായും രേഖകൾ നൽകാറുണ്ട്. ഇത്തരം രേഖകൾ ദുരുപയോഗപ്പെടുത്താനുളള സാധ്യത ഏറെയാണ്.എന്നാൽ ഇത് ഭയന്ന് രേഖകൾ പങ്കുവയ്ക്കാതിരിക്കാനും പറ്റാത്ത സാഹചര്യങ്ങൾ സ്വഭാവികമായുമുണ്ടാകും. ഏതെങ്കിലും തരത്തിൽ രേഖകൾ ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് മനസിലായാൽ ഉടൻ തന്നെ അധികൃതരെ സമീപിക്കുകയെന്നുളളതാണ് പ്രധാനം.

എമിറേറ്റ്സ് ഐഡിയിൽ നിന്നു തന്നെ ബയോമെട്രിക് വിവരങ്ങളും യാത്ര ഉൾപ്പടെയുളള മറ്റ് കാര്യങ്ങളും മനസിലാക്കാമെന്നുളളത് ഇവിടെ പ്രധാനമാണ്. അതുകൊണ്ടുതന്നെ വിവരങ്ങൾ അധികൃതരെ ബോധ്യപ്പെടുത്താൻ കഴിയണമെന്ന് അദ്ദേഹം പറയുന്നു ദിനിലിൻറെ വിഷയം തന്നെ ഉദാഹരണമായി എടുത്താൽ എമിറേറ്റ്സ് ഐഡി നമ്പർ ഒന്നാണെങ്കിലും ബയോമെട്രിക് പരിശോധനയിൽ ദിനിൽ അല്ല ലോണെടുത്തതെന്ന് ബോധ്യപ്പട്ടതുകൊണ്ടാണ് വലിയ സാമ്പത്തിക ബാധ്യതകളിൽ നിന്ന് ഒഴിവായത്. എമിറേറ്റ്സ് ഐഡിയിൽ ബാധ്യതകളുണ്ടെങ്കിൽ യാത്ര പോലും മുടങ്ങുന്ന സാഹചര്യമുണ്ടായേക്കാം. എമിഗ്രേഷൻ ക്ലിയറൻസിലെത്തുമ്പോഴായിരിക്കും ഇക്കാര്യം വ്യക്തി തിരിച്ചറിയുന്നതുപോലും.

എന്താണ് ക്രെഡിറ്റ് സ്കോർ
വ്യക്തി പണം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച സാമ്പത്തിക റിപ്പോ‍ർട്ട് കാർഡാണ് ക്രെഡിറ്റ് സ്കോർ.ബാങ്കുകൾലോണുകളും ക്രെഡിറ്റ് കാർഡും നൽകുന്നതിന് മുൻപ് ക്രെഡിറ്റ് സ്കോർ പരിശോധിക്കും.യുഎഇയിൽ, അൽ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ (എഇസിബി) ആണ് ക്രെഡിറ്റ് സ്‌കോറുകൾ കണക്കാക്കുന്നത്. എഇസിബി വെബ്സൈറ്റ് പരിശോധിച്ചാൽവ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുളള ക്രെഡിറ്റ് സ്കോർ മനസിലാക്കാം.

അൽ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ
അൽ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോയിൽ ക്രെഡിറ്റ് സ്കോർ പരിശോധിച്ചാൽ സാമ്പത്തിക ബാധ്യതകളുണ്ടോയെന്നുളളത് മനസിലാക്കാൻ കഴിയും. ക്രെഡിറ്റ് കാർഡ് എടുക്കുകയും റദ്ദാക്കുകയുമെല്ലാം ചെയ്യുന്നവരാണെങ്കിൽ ഏതെങ്കിലും തരത്തിൽ സാമ്പത്തിക ബാധ്യതകളുണ്ടെന്ന് സംശയമുണ്ടെങ്കിൽ ഫീസ് നൽകി ക്രെഡിറ്റ് സ്കോർ പരിശോധിക്കാൻ സാധിക്കുന്നതാണ്.

സനദക്
യുഎഇ കേന്ദ്രബാങ്കാണ് സനദക് എന്ന ഓംബുഡ്സ്മാൻ സംവിധാനം നടപ്പിൽവരുത്തിയത്. ഇൻഷുറൻസ് ക്ലെയിം ഉൾപ്പടെയുളള സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്ക് രമ്യമായ പരിഹാരമെന്നതാണ് സനദക് ലക്ഷ്യമിടുന്നത്. കമ്പനിയുടെ തീരുമാനം നീതിപൂർവ്വമല്ലെന്ന് പരാതിയുണ്ടെങ്കിൽ വ്യക്തികൾക്ക് സനദക് പ്ലാറ്റ് ഫോം വഴി തെളിവുകൾ സഹിതം അപേക്ഷ നൽകാം. രാജ്യത്തിൻറെ സാമ്പത്തിക മേഖലയിലുള്ള വിശ്വാസം സംരക്ഷിക്കുകയെന്നുളളത് ലക്ഷ്യമിട്ട് രൂപീകരിച്ച സുതാര്യവും ഫലപ്രദവുമായ ഉപഭോക്തൃ പരാതി പരിഹാരകേന്ദ്രമാണ് സനദക്. sanadak.gov.ae എന്ന വെബ്സൈറ്റിലോ സനദക് ആപിലോ യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻചെയ്യാം. പരാതികൾസമർപ്പിക്കാം. ആവശ്യമായ വിവരങ്ങൾസമർപ്പിക്കാം. പരാതിയുടെ വിവരങ്ങൾ 800 SANADAK (800 72 623 25) എന്ന നമ്പറിലൂടെ ട്രാക്ക് ചെയ്യാനും സാധിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ലോണുമായും ക്രെഡിറ്റ് കാർഡുമായും ബന്ധപ്പെട്ട് നമ്മെ സമീപിക്കുന്നവർ ഓതറൈസ്ഡ് ആണെന്ന് ഉറപ്പാക്കുകയെന്നുളളതാണ് പ്രധാനകാര്യം.

രേഖകൾ കൈമാറുമ്പോൾ ആവശ്യം കഴിഞ്ഞാൽ രേഖകൾ തിരിച്ചുവാങ്ങുകയോ ദുരുപയോഗം ചെയ്യാൻ‍ സാധിക്കാത്ത വിധം നശിപ്പിച്ചുവെന്ന് ഉറപ്പാക്കുകയോ ചെയ്യുക. പലരും വാട്സ് അപ്പ് ഉൾപ്പടെയുളളവയിലാണ് രേഖകൾ കൈമാറുന്നത്. ആവശ്യം കഴിഞ്ഞാൽ ഡിലീറ്റ് ചെയ്തുവെന്ന് ഉറപ്പിക്കുക. പലപ്പോഴും ഇക്കാര്യങ്ങളിലെല്ലാം പ്രായോഗികമായി ബുദ്ധിമുട്ടുകളുണ്ടെങ്കിലും സുരക്ഷ ഉറപ്പാക്കാൻ സാധിച്ചാൽ ഒരു പരിധിവരെ തട്ടിപ്പുകൾ തടയാം.

അപേക്ഷ നൽകുമ്പോൾ ഡിജിറ്റൽ സൈൻ ആയാൽ പോലും ഒപ്പിട്ടുവാങ്ങിക്കുന്ന രേഖകളെല്ലാം കൃത്യമായി വായിച്ച് മനസിലാക്കുക. ശ്രദ്ധയോടെ വായിക്കണം. സ്പൗസിന് ക്രെഡിറ്റ് കാർഡ് ആവശ്യമില്ലെങ്കിൽ അക്കാര്യം ആദ്യമേ പറയുക. ഏന്തെങ്കിലും അപാകതകൾ മനസിൽ തോന്നിയാൽ മെയിൽ വഴിയോ നേരിട്ടോ അതത് സ്ഥാപനത്തിൻറെ ഉപഭോക്തൃ സേവന കേന്ദ്രത്തിൻറെ സഹായം തേടാം. പരാതി നല്കിയതുൾപ്പടെ രേഖകൾ ഉണ്ടായിരിക്കണമെന്നുളളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

വിവരങ്ങൾക്ക് കടപ്പാട്: നജുമുദീൻ, അഭിഭാഷകൻ, ദുബായ്

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts