Monday, March 23, 2026

സ്വർണവിലയിൽ വൻ ഇടിവ്; മൂന്നാഴ്ചക്കിടെ കുറഞ്ഞത് 20000 ത്തോളം രൂപ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വർണ്ണവിലയിൽ വൻ ഇടിവാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. മാർച്ച് 16 മുതൽ 22 വരെയുള്ള ഈ ആഴ്ചയിൽ ഏകദേശം 10-11% വരെയാണ് വിലയിൽ കുറവുണ്ടായത്. ചില റിപ്പോർട്ടുകൾ പ്രകാരം 11% വരെ നഷ്ടമുണ്ടായി. സ്വർണവില ഈ വർഷം പുതിയ ഉയരങ്ങൾ താണ്ടിയെന്ന വസ്തുത നിലനിൽക്കേയും കഴിഞ്ഞ ആഴ്ചയിലെ വിലക്കുറവ് 40 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ്. ഫലത്തിൽ 1983ന് ശേഷമുള്ള ഏറ്റവും മോശം ആഴ്ചയിലേക്കാണ് സ്വർണ്ണം നീങ്ങുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പഞ്ചിമേഷ്യയിൽ യുദ്ധം തുടങ്ങിയതിന് പിന്നാലെ മൊത്തം വിലയിൽ 14-15% വരെയാണ് സ്വർണ്ണവിലയിലുണ്ടായിരിക്കുന്ന ഇടിവ്. കേരള വിപണിയിലാണെങ്കിലും വലിയ ഇടിവാണ് സ്വർണത്തിന് നേരിട്ടുകൊണ്ടിരിക്കുന്നത്. മാർച്ച് ഒന്നിന് 22 കാരറ്റ് സ്വർണത്തിന് പവന് 126920 രൂപ എന്നതായിരുന്നു വിൽപ്പന വില. മാസത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. ഇന്ന് ഇന്നലെയുമായി പവന് 107040 രൂപ എന്ന നിരക്കിലാണ് വിൽപ്പന നടക്കുന്നത്. ഈ മാസം ഇതുവരെയായി കുറഞ്ഞത് ഏകദേശം 19880 രൂപയാണ്.

അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളാണ് വിലയിടിവിൻറെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഫെബ്രുവരി അവസാനം യുദ്ധം തുടങ്ങിയതിന് പിന്നാലെ വിലയിൽ പലതവണ ഇടിവുണ്ടായി. സാധാരണയായി യുദ്ധമോ, സാമ്പത്തിക അനിശ്ചിതത്വമോ ഉണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ വിലയിൽ വർധനവ് ഉണ്ടാകാറുണ്ട്. പക്ഷേ ഇത്തവണ അങ്ങനെ സംഭവിച്ചില്ലെന്നാണ് യഥാർത്ഥ്യം.

യുദ്ധം കാരണം എണ്ണ വില കുത്തനെ ഉയർന്നു. ഹോർമൂസ് കടലിടുക്ക് പോലുള്ള പ്രധാന ക്രൂഡ് ഓയിൽ ഗതാഗത മാർഗ്ഗങ്ങളിൽ തടസ്സം നേരിട്ടതാണ് ക്രൂഡ് ഓയിൽ വിലവർധനവിന് പ്രധാനമായും കാരണമായത്. ക്രൂഡ് ഓയിൽ വിലയിലെ ഈ വർധനവ് പണപ്പെരുപ്പം വർധിപ്പിക്കുമെന്ന ആശങ്കയും ശക്തമാക്കി. അമേരിക്കൻ ഫെഡറൽ റിസർവ് (Fed) ഇനി പലിശ നിരക്ക് കുറയ്ക്കില്ല, മറിച്ച് ഉയർത്തിയേക്കാം എന്ന പ്രതീക്ഷയും സ്വർണത്തിന് തിരിച്ചടിയായി. ഈ സമയത്ത് നിക്ഷേപകർ ഡോളർ, ബോണ്ടുകൾ തുടങ്ങിയവയിലേക്ക് കൂടുതലായി തിരിയുന്നു. അതായത് ഫലത്തിൽ യുദ്ധം കാരണം ഡോളർ ശക്തമായി. ഡോളർ ശക്തമാകുമ്പോൾ ഡോളറിൽ വില കണക്കാക്കുന്ന സ്വർണം വാങ്ങുന്നത് മറ്റു രാജ്യക്കാർക്ക് കൂടുതൽ ചെലവേറിയതാക്കുന്നു. ഇതോടെ സ്വാഭാവികമായി ഡിമാൻഡും കുറയും.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts