Monday, June 16, 2025

കുണ്ടറ താലൂക്ക് ആശുപത്രിയിൽ ഉപരോധ സമരം നടത്തി;

കുണ്ടറ : കുണ്ടറ താലൂക് ആശുപത്രിയിൽ ഇരട്ടിയായി വർദ്ധിപ്പിച്ച ഒ.പി. ടിക്കറ്റ് നിരക്ക് വർദ്ധനയും, ലാബ് പരിശോധന ഫീസുകളും പിൻവലിക്കുക, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാനം അട്ടിമറിച്ചു കൊണ്ട് നിയമന അപേക്ഷ പ്രായപരിധി ഉയർത്തിയ നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പേരയം, കുണ്ടറ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും താലൂക്ക് ആശുപത്രി കവാടം ഉപരോധിച്ചു.

പേരയം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാൻ അധ്യക്ഷത വഹിച്ചു. അഞ്ച് രൂപയായിരുന്ന ഒ.പി. ടിക്കറ്റ് ചാർജ്ജ് പത്ത് രൂപയായാണ് വർദ്ധിപ്പിച്ചത്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി പുതിയ 7 നിയമനങ്ങൾക്ക് 40-45 വയസ് പ്രായപരിധി തീരുമാനിച്ചത് പിന്നീട് ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശപ്രകാരം 50 – 55 വയസായി ഉയർത്തിയാണ് അപേക്ഷ ക്ഷണിച്ചത്. ഇത് തന്നെ അഴിമതി ഉദ്ദേശത്തോടെയാണ്.

ഗൈനക്കോളജി വിഭാഗത്തിലെ വിവിധ പരിശോധന ഫീസുകൾ 400 , 800 എന്നിവയായിരുന്നത് യഥാക്രമം 800 ഉം 1100 ഉം ആയി എച്ച്.എം.സി. പോലും തീരുമാനിക്കാതെ ആശുപത്രി സൂപ്രണ്ട് ഏകപക്ഷീയ വർദ്ധിപ്പിച്ചു. സ്കൂൾ കുട്ടികൾ വിവിധ സർട്ടിഫിക്കറ്റുകൾക്കായി വരുമ്പോൾ നിയമ വിരുദ്ധമായി എച്ച്.എം.സി. ഫണ്ടിലേക്ക് പണം പിരിക്കുന്നു. നിലവിലുളള താൽക്കാലിക ജീവനക്കാർക്ക് ശമ്പളം കൊടുക്കാനാണ് ഇത്തരം അനധികൃത പണപ്പിരിവുകൾ നടത്തുന്നതെന്നാണ് ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചത്.

നിലവിലുള്ള ജീവനക്കാരെ പുനർവിന്യസിച്ച് ഡയാലിസിസ് യൂണിറ്റ് ആരംഭിക്കേണ്ടതിനു പകരം മറ്റ് താൽപര്യങ്ങൾക്കു വേണ്ടിയാണ് വീണ്ടും പുതിയ ജീവനക്കാരെ നിയമിക്കുന്നത്. സർക്കാരിൽ നിന്നും, എൻ.എച്ച്.എം. ൽ നിന്നും, ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ആശുപത്രിക്ക് 20 ലക്ഷത്തോളം രൂപ ലഭിക്കാനിരിക്കെ അത് മറച്ചുവയ്ക്കാനാണ് പാവപ്പെട്ട രോഗികളിൽ നിന്നും ചികിത്സാ ഫീസിനത്തിൽ വലിയ തുക ഈടാക്കുന്നതെന്നും സമരക്കാർ ആരോപിച്ചു.

അതിനിടയിൽ ഇന്ന് ചേർന്ന എച്ച്.എം.സി.യോഗത്തിൽ ഈ ആവശ്യങ്ങൾ ഉന്നയിച്ച് കുണ്ടറ എം.എൽ.എ.യുടെ പ്രതിനിധി വിനോദ് കുമാർ, കേരള കോൺഗ്രസ്‌ പ്രതിനിധി മുളവന ഹരീഷ് എന്നിവർ യോഗത്തിൽ നിന്നും ഇറങ്ങി പോയി. തുടർന്ന് കുണ്ടറ പോലീസ് സാന്നിദ്ധ്യത്തിൽ ആശുപത്രി സൂപ്രണ്ടുമായി നടന്ന ചർച്ചയിൽ സമരക്കാർ ഉന്നയിച്ച വിഷയങ്ങളിൽ അടുത്ത ദിവസം തന്നെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്ന് ചർച്ച ചെയ്ത് വർദ്ധിപ്പിച്ച നിരക്കുകൾ കുറയ്ക്കാമെന്ന് സൂപ്രണ്ട് രേഖ മൂലം എഴുതി നൽകിയതിനെ തുടർന്ന് മണിക്കൂറുകൾ നീണ്ട സമരം അവസാനിച്ചു.

പേരയം പഞ്ചായത്ത് വിവിധ സ്ഥിരം സമിതി അധ്യക്ഷരായ ബി. സ്റ്റാഫോർഡ്, എൻ. ഷേർളി, ലത ബിജു, വിനോദ് പാപ്പച്ചൻ, കുണ്ടറ പഞ്ചായത്തംഗങ്ങളായ സുരേഷ് കുമാർ, വി.സദാശിവൻ, കൊറ്റങ്കര മണ്ഡലം പ്രസിഡന്റ് വിനോദ് കോണിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ രാഹുൽ, റെക്സൺ വിൽസൺ, ഹാരൂൺ, മുളവന നസീർ, ജയൻ, അരുൺ പാപ്പച്ചൻ, അരുൺ നെപ്പോളിയൻ, അതുൽ കൃഷ്ണൻ, റിജിൻ എസ് പണിക്കർ, നന്ദഗോപൻ ,ഷാരോൺ, ജെഗുൽ, അജേഷ്, അന്റോണിയോ, സനു എന്നിവർ നേതൃത്ത്വം നൽകി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts